Monday 26 December 2011


അവന്‍ .......
--------###---**---###----------
കീറിയ കടലാസു കഷ്ണങ്ങള്‍,
മേശയിലെവിടെയോ കോറിയിട്ട ഒരക്ഷരം.
കൈ കൊണ്ടു കീറിയതും
നഖം കൊണ്ട് മായ്ക്കാന്‍
ശ്രമിച്ചതും.
നിന്നെ വെറുക്കാന്‍
കാരണമൊന്നും കണ്ടില്ല ഞാന്‍.
എഴുതാനെടുത്ത പേനയും
എന്നെ നോക്കി....!
അപ്പോഴും തണുപ്പുണ്ടായിരുന്നു,
കറങ്ങുന്ന ഫാനും.
മരവിപ്പ്...!
കണ്ണുകള്‍ മാത്രം പുകഞ്ഞു കൊണ്ടിരുന്നു.
അവകാശമില്ലാത്തവളുടെ
പ്രതിഷേധം.
മനസ്സ് മന്ത്രിച്ചത് ഒന്നു മാത്രം
അഭിനയിക്കുന്നതെന്തിന്?
അഭിനയിച്ചതെന്തിന്?
കാഴ്ചക്കാരി ഞാന്‍ മാത്രമാണല്ലോ
എന്നിട്ടും.....
ഒടുവില്‍ ബാക്കിയായത്
ഒരു പിടി ചാരവും
നഖം കൊണ്ടു വികൃതമാക്കിയ
ആ അക്ഷരവും.
മെഴുകുതിരിയുടെ നാളമാണ്
എന്നെ സഹായിച്ചത്,
കടലാസു തുണ്ടുകളെ ചാരമാക്കാന്‍.
വെളുത്ത മാര്‍ബിള്‍ പാകിയ
നിലത്ത്
ഒരു കറുത്ത പാട്......!
മേശമേല്‍ മുഖമമര്‍ത്തി
ആ കറുത്തതിനെ കണ്ണില്‍ നിന്നും
മറയ്ക്കാന്‍ ശ്രമിച്ചു.
വികൃതമാക്കിയ അക്ഷരം അപ്പോള്‍
കൂടുതല്‍ തെളിഞ്ഞു.
-അനഘാ ഗോപാലന്‍

No comments:

Post a Comment